Monday, 24 November 2014


മൃത്യുഭുജം


വെളുത്ത പേപ്പറില്‍ കറുത്ത മഷികൊണ്ട്
കോറി വരഞ്ഞിട്ട ബഹുഭുജത്തിന്‍
കറുത്ത ചുമരുകള്‍ക്കിടക്ക് പോട്ടിന്നീ
കറുത്ത സന്ധ്യയില്‍ ഒറ്റയ്ക്കു ഞാന്‍

ഇരുണ്ടുമൂടിയ അകത്തളങ്ങളില്‍
ചുരുണ്ടുകൂടിയ വെളുത്ത താളുകള്‍
ശുഭ്രമേഘം പോലെ വെളുത്ത താളുകളില്‍
നീലലേപനം കൊണ്ടെഴുതിയ വാക്കുകള്‍

സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍,നിറയെ സ്വപ്നങ്ങള്‍
കടുത്ത വേനലില്‍ കരിഞ്ഞ സ്വപ്നങ്ങള്‍
കോണുകളില്‍ ഓരോ കറുത്ത കൈകളില്‍നിന്നും
ചുരുണ്ടുകൂടിയ സ്വപ്നങ്ങളെ അഗ്നി വിഴുങ്ങുന്നു

സ്വപ്നങ്ങള്‍ ദഹിച്ച് കുന്നുകൂടിയ ചാരത്തില്‍
ശ്വാനനെ പോലെ കാലനുറങ്ങുന്നു
കുന്നുകൂടിയ ചാരങ്ങള്‍ തന്‍ നിഴലില്‍
സചേതനമായ ജീവച്ഛവങ്ങള്‍

നഷ്ടസ്വപ്നങ്ങള്‍ തന്‍ നീണ്ട ആഴിയില്‍
ഇഷ്ടജീവിതം മുങ്ങിത്തകരുന്നു
ഭ്രാന്തമായ പുരുഷന്‍റെ കൈകളില്‍
ശാന്തിയില്ലാതൊടുങ്ങുന്ന 'പെണ്‍മ'കള്‍

മൃത്യുകത്തിപ്പിടിച്ചു കൊണ്ടെരിയുന്ന
മൃത്യുഭുജത്തിന്റെ 'കോണ'ളന്നു ഞാന്‍
എത്ര കോണുകള്‍, എത്ര ചുവരുകള്‍
എത്രയോ തരം ചാരക്കൂമ്പാരങ്ങള്‍
ഒടുവിലൊരു കൂമ്പാരം ചാരം പറത്തി കൊണ്ട്
ഉള്ളിലെ തീപ്പൊരി മുന്നില്‍ കാട്ടി
വാടി വിളറിയ സുന്ദരി പെണ്‍കൊടി
വറ്റി വരണ്ടൊരു കണ്ണുമായ്
വന്യത പേടിച്ചുഴന്നു കൊണ്ട്
വന്നു തന്‍ വ്രീള മുഖം പൊത്തി

കറുത്ത കൈകള്‍ വരിഞ്ഞുകെട്ടിയ
കലുഷിത രക്തം പുരണ്ടകാലുകള്‍
പിടിച്ചുകെട്ടുവാന്‍ ചാരമാക്കുവാന്‍
പിന്തുടരുന്ന വന്യജീവികള്‍

കുരുന്നുദേഹമാ കറുത്ത കൈകളില്‍
അമര്‍ന്ന നേരമെന്‍ നെഞ്ചിടിച്ചു
പിന്തുടര്‍ന്നു ഞാന്‍ വന്യജീവിയെ നെഞ്ചടക്കിപ്പിടിച്ചു കൊണ്ട്
പന്തുതട്ടുന്ന ലാഘവത്തിലാ വെളുത്ത താളവന്‍ വലിച്ചെറിഞ്ഞു

ആ കുരുന്നു സ്വപ്നങ്ങളും പോയടിഞ്ഞൊരു കോണില്‍
നിര്‍ദയം ചുട്ടുകരിച്ചു ജീവി, നീലലിപിയുള്ള താളുകളും

ഭുജത്തിനുള്ളിലെ വന്യജീവി തന്‍
അലര്‍ച്ച കേട്ടു പിന്‍വലിഞ്ഞു ഞാന്‍
ഒളിച്ചു നോക്കി ഞാന്‍, കരച്ചിലൊതുക്കി, കണ്ടൂ
ഇരുണ്ടപാളിക്കപ്പുറം ജീവി തന്‍ മുഖം

ഞെട്ടി മാറി ഞാന്‍, ജീവിക്കു കേവലം
ചുവന്ന കണ്ണും, താടി മീശയും
ചുരുണ്ട മുടിയുമുള്ള വികൃത മുഖം മാത്രം

ഓടിത്തളര്‍ന്നു വീണന്നു ഞാന്‍, ജീവിതന്‍
കറുത്ത കൈകളെ കടിച്ചു മാറ്റി
കോണുകള്‍ കടന്നുകൊണ്ടോടുമ്പോള്‍ കണ്ടൊരു
ചുവരുകള്‍ക്കിടയിലെ വിടവിലൂടെ
പുറത്തു ചാടി ഞാന്‍ ക്ഷണമാത്രയില്‍
മൃത്യുഭുജത്തിന്റെ വായില്‍ നിന്നും


അനഘ ദിനേശ്
X B

മാഞ്ഞുപോകുന്ന നിഴലുകള്‍

പുറം കാഴ്ചകള്‍ തീര്‍ത്തും അരോ‍‍ചകമായി തോന്നുന്നു. അരമണിക്കൂറിലേറെയായി ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്ന വസ്തുത വാച്ചുനോക്കിയപ്പോഴാണ് മനസ്സിലായത്. ഇത്രയും നേരം താന്‍ ഉറങ്ങുകയായിരുന്നു. ചിതയിലൊടുങ്ങിയ താരാട്ടും സാന്ത്വനവും ഇനി തിരികെവരില്ലെന്ന വസ്തുത മനസ്സില്‍ ഉറക്കുന്നില്ല.എപ്പോഴോ, തന്നെ നിയന്ത്രിച്ചിരുന്ന വാക്കുകള്‍ക്ക് അടിമയായ് താന്‍ അവയെ വാര്‍ദ്ധക്യത്തിന്റെ നുര‍ഞ്ഞുകയറുന്ന ഇരുട്ടുനിറഞ്ഞ മുറികളിലൊന്നിലേക്ക് തള്ളിവിട്ടെന്നോര്‍ക്കുമ്പോള്‍........ സ്വയം പുച്ഛം തോന്നുന്നു; വെറുപ്പു തോന്നുന്നു.....
ചിന്തകള്‍ക്ക് മൃത്യുവില്ലെന്ന് തോന്നും വിധം അവ അതിരുകടന്നുപോയി. ഓര്‍മ്മകളുടെ ഈര്‍പ്പം തന്റെ കവിളുകളിലൂടെ എവിടേക്കോ ഒഴുകുന്നതായ് അയാള്‍ക്കു തോന്നി. ഓര്‍മ്മകളുടെ ഈ ചെറിയ ഉറവയ്ക്ക് തന്നെ ഇത്രത്തോളം ശ്വാസം മുട്ടിക്കാനാകുമോ? മനസ്സ് ഒന്നില്‍ നിന്ന് ഒന്നിലേക്ക് ചാടുന്ന കുരങ്ങാണെന്ന് പണ്ടേതോ മഹാന്‍ പറ‍‍ഞ്ഞത് കളിവാക്കായിരിക്കാം.മനസ്സിന്റെ ചിന്തകളെ വഴിതിരിക്കാന്‍ ചിലപ്പോള്‍ കഴിയില്ല; അവ വേദനിപ്പിക്കുന്ന ചിലതില്‍ മുറുകെപിടിച്ചിരിക്കും. അയാള്‍ തന്റെ പോക്കറ്റില്‍ നിന്നും ടൗവ്വലെടുത്തു മുഖം തുടച്ചു.അറിയാതെ വീണ്ടും ഉറങ്ങിപ്പോയി.
പിന്നീട് ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ തിരക്കിട്ടുനീങ്ങുകയായിരുന്നു. മുമ്പ് ഒഴി‍ഞ്ഞിരുന്ന കമ്പാര്‍ട്ടുമെന്റ് ഇപ്പോള്‍ മോശമില്ലാത്ത രീതിയില്‍ തി‍‍ങ്ങിനിറഞ്ഞിരിക്കുന്നതായ് അയാള്‍ക്കു തോന്നി.തന്റെ പെട്ടി അവിടെ തന്നെയുണ്ടോ എന്നു നോക്കാനായ് അയാള്‍ എഴുന്നേറ്റു. ഉം... പെട്ടി അവിടെതന്നെയുണ്ട്. അയാള്‍ സ്വയം പറയുന്നതുകേട്ട് എല്ലാവരും തിരിഞ്ഞുനോക്കി. അതു കാര്യമാക്കാതെ അയാള്‍ തന്റെ പെട്ടിയെടുത്ത് സീറ്റില്‍ വന്നിരുന്നു.അതു തുറന്നുനോക്കാനായ് തുനി‍ഞ്ഞപ്പോള്‍ ആരോ വിളിക്കുന്നു. "സാര്‍ നീങ്ക മലയാളിതാനേ?" തിരിഞ്ഞുനോക്കിയപ്പോള്‍ ഒരു കുട്ടി. പത്ത് പന്ത്രണ്ട് വയസ്സ് പ്രായം. മെലിഞ്ഞ് കറുത്തിരുണ്ട ശരീരം. അയാള്‍ ഉത്തരം പറയാതിരുന്നപ്പോള്‍ കുട്ടി വീണ്ടും ചോദിച്ചു. "സാര്‍ സാര്‍ നീങ്ക മലയാളി ആണോ?” അയാള്‍ പെട്ടെന്ന് തിരിഞ്ഞുനോക്കി; ഇതെന്താ തമിഴാളമോ? ഒരു ചിരിയോടെ അയാള്‍ കുട്ടിയെ നോക്കി, "അതെ നീ മലയാളിയാണോ അതോ തമിഴ് നാട്ടുകാരനോ?" കുട്ടി ഭാവവ്യത്യാസമില്ലാതെ പറഞ്ഞു, "യെന്‍ ഊര് വന്ത് ചെന്നൈ, ആണാ യെനക്ക് മലയാളം തെരിയും". കുറേ ദിവസങ്ങളായിരുന്നു അയാളൊന്നു ചിരിച്ചിട്ട്. "എന്നാല്‍ നിനക്ക് മലയാളത്തില്‍ സംസാരിച്ചു കൂടെ”. "സാറിന്റെ പേര് ഗോവിന്ദ് എന്നല്ലേ”. "എന്നെ സാറെന്നൊന്നും വിളിക്കണ്ട. അല്ല എന്റെ പേരെങ്ങനെ മനസ്സിലായി”. കുട്ടി പുഞ്ചിരിയോടെ തുറന്നുകിടക്കുന്ന ഗോവിന്ദിന്റെ പെട്ടി ചൂണ്ടിക്കൊണ്ട് പറഞ്ഞു. "ഐഡന്റിറ്റി കാര്‍ഡ് കണ്ടുപറഞ്ഞതാണ്”. ഗോവിന്ദ് ആ കുട്ടിയുമായി നര്‍മ്മസംഭാഷണത്തിലേര്‍പ്പെട്ടു. എന്തോ ഇവന്റെ വര്‍ത്തമാനം തന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. "മാമ്പഴച്ചുന മണക്കുന്ന കുട്ടിക്കാലത്തിലേക്ക് തിരിച്ചപോകുന്നതു പോലെ”ഗോവിന്ദ് ആരോ‍ടെന്നില്ലാതെ പറഞ്ഞു.
ഇതിനിടയില്‍ കുട്ടി ഗോവിന്ദിന് തന്റെ കൂടെവന്ന അ‍ച്ഛനെ പരിചയപ്പെടുത്തി. അയാള്‍ ആ കുട്ടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരുന്നു. ആരോടും സംസാരിക്കാതെ ഒരു ചെറിയ തുണി സഞ്ചിയും പിടിച്ച് അയാള്‍ ആ കുട്ടിയെ തന്നെ നോക്കിയിരുന്നു. കുറേകാലത്തിനു ശേഷം കാണുന്നതുപോലെ, ഒരു പക്ഷെ ഇനി കാണാന്‍ പറ്റില്ലെന്നപോലെ.
ട്രെയിന്‍ ഏതോ ഒരു സ്റ്റേഷനില്‍ നിര്‍ത്തി. എന്തോ ഭാരമുള്ളത് വീഴുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഗോവിന്ദ് ഉണര്‍ന്നത്. കുട്ടി തന്റെ തോളില്‍ ചാഞ്ഞുറങ്ങുന്നത് നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന ഗോവിന്ദിന്റെ ഭാവം പെട്ടന്ന് മാറി. കുട്ടിയുടെ അച്ഛനെ കാണാനില്ല. ഒപ്പം അവര്‍ കൊണ്ടുവന്ന സഞ്ചികളും. ട്രെയിന്‍ ഇപ്പോള്‍ സ്റ്റേഷന്‍ വിടും. അയാളുടെ അന്ധാളിപ്പു കണ്ട് കൂടെയിരുന്ന മറ്റൊരാള്‍ പറഞ്ഞു. "ഉം.. ഇത് ഇടയ്ക്കിടയ്ക്ക് ഉള്ളതാ... കുട്ടികളെ ട്രെയിനിലും മറ്റും ഉപേക്ഷിച്ച് പോകല്‍.... പാവം... ഇനിയുള്ള കാലം...” അയാള്‍ പറഞ്ഞുതീരുമ്പോഴേക്കും വീണ്ടും എന്തോ വീഴുന്ന ശബ്ദം. വളരെ ഭാരമുള്ള എന്തോ ഒന്ന്. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ഗുഡ്സ് ട്രെയിനില്‍ നിന്നും ഭാരമേറിയ വലിയ ചാക്കുകള്‍ ചുമന്നു കൊണ്ടുവരുന്ന ചെറിയ രണ്ടു കുട്ടികള്‍... അവരുടെ മെലിഞ്ഞുണങ്ങിയ കുഞ്ഞുകൈകള്‍ക്ക് താങ്ങാവുന്നതിലും കൂടുതല്‍... വിയര്‍ത്തൊലിച്ച അവരുടെ മുഖഭാവം തുകച്ചും അസഹനീയമായിരുന്നു. താങ്ങാനാവാതെ ചാക്കുകള്‍ താഴെ വീഴുമ്പോള്‍ ആരോ വന്നവരെ തല്ലുന്നു, വഴക്കുപറയുന്നു. ഗോവിന്ദ് ചിന്തിച്ചു. അപ്പോഴാണ് തന്റെയടുത്തിരുന്ന കുട്ടിയെ കാണാനില്ലെന്ന് അവന്‍ മനസ്സിലാക്കിയത്. അവനെവിടെപ്പോയി എന്ന ചിന്തിക്കുമ്പോഴേക്കും പുറത്തുനിന്നെന്തോ ബഹളം കേട്ട് അയാള്‍ വീണ്ടും തിരിഞ്ഞനോക്കി. തന്റെയടുത്തിരുന്ന ആ കുട്ടി... അവന്‍ ആ കൊച്ചുകുട്ടികളെ തല്ലുന്ന കൊമ്പന്‍ മീശക്കാരനോട് വഴക്കിടുന്നു. അയ്യോ എന്ന് മനസ്സ് മന്ത്രിക്കും മുമ്പേ അതിലൊരു കുട്ടിയുടെ കയ്യും പിടിച്ചുകൊണ്ടോടി. പിന്നാലെ ആ കൊമ്പന്‍ മീശക്കാരനും. ഒരു നടുക്കത്തോടെ ഒരുപക്ഷേ സ്വയം പുച്ഛത്തോടെ ഗോവിന്ദ് മനസ്സിലാക്കി. അവന്‍ ആ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരുപക്ഷേ താന്‍ എത്തിപ്പെടാന്‍ പോകുന്ന ചുഴിയില്‍ നിന്നും ഒരിരയെ രക്ഷപ്പെടുത്തിക്കൊണ്ട് ആ കമ്പാര്‍ട്ടുമെന്റിലെ തന്നെ എല്ലാവരെയും ലജ്ജിപ്പിച്ചുകൊണ്ട് ഒരു കറുത്ത നിഴല്‍ പോലെ പാളത്തിനിടയിലൂടെ അവന്‍ ഓടിമറഞ്ഞു. മാമ്പഴച്ചുന മണക്കുന്ന ബാല്യത്തില്‍ നിന്നോടി മറയും പോലെ....
 
- കാവ്യേന്ദു
       IX A

എന്നും ഓര്‍ക്കേണ്ടത് മറക്കുമ്പോള്‍


ഇന്ന് റോഡില്‍ ആരോ മരിച്ചു കിടക്കുന്നുണ്ടായിരുന്നു. ഭിക്ഷക്കാരിയാണെന്ന് പിറുപിറുക്കുന്നത് കേട്ടു.
ഇറങ്ങി നോക്കണോ? വേണ്ട.
എന്നാലും നോക്കിയാല്‍ എനിക്കെന്ത് ന‍ഷ്ടം? ‍ഞാന്‍ ഇറങ്ങി നോക്കി. എവിടെയോ കണ്ട മുഖം. ‍ശരിക്ക് ഓര്‍മ്മ കിട്ടുന്നില്ല. ആരോടാ ‍ചോദിക്കുക?
ചോദിച്ചാലത് നാണക്കേടാകുമോ...? ചോദിക്കാതിരിക്കുന്നതാ നല്ലത്.
കാറില്‍ കയറി ഡ്രൈവിംഗ് തുട‍ര്‍ന്നു. എങ്കിലും അത് വിട്ടുമാറുന്നില്ല. കാറ് പോര്‍‍ച്ചില്‍ നിര്‍ത്തി. വീട്ടിലേക്ക് കയറിയതും വൈഫ് അനുപമ വന്നു. "ഡാര്‍ലിങ്ങ് ഇന്നെന്താ വൈകിയത്?
"വെരിടയേര്‍ഡ്. "വഴിയിലൊരു ആക്സിഡന്റ്, റോഡ് ബ്ലോക്കായിരുന്നു. അതുല്യ ഉറങ്ങിയോ?” ഞാന്‍ ചോദിച്ചു.
"യെസ് ”
ബെഡില്‍ കിടന്നപ്പോളാണ് വീണ്ടും ചിന്ത പിടികൂടിയത്. ചിന്ത അകറ്റാന്‍ നെറ്റെടുത്തു. നെറ്റില്‍ നോക്കിയപ്പോള്‍ ഭിക്ഷക്കാരിയുടെ ഫോട്ടോ. അമ്മ എന്ന അടിക്കുറിപ്പ്. ഇതാരുടെ അമ്മയായിരിക്കും? ശരത്തിന്റെയായിരിക്കുമോ? അവനല്ലെ എന്റെ ബെസ്റ്റ് ഫ്രണ്ട്. ബട്ട് അവന്റെ മമ്മ കഴി‍‍ഞ്ഞവര്‍ഷം മരി‍ച്ചില്ലെ!. ജീവന്‍, ഭഗത്, അഭിഷേക് അല്ല. അക്കൗണ്ടിന്റെ പേര് നോക്കിയാല്‍ മതിയല്ലോ. പേര് നോക്കി. അര്‍ജുന്‍.... ഫോട്ടോ നോക്കി. മരവിപ്പ് എന്നെ പിടികൂടിയോ. അതെന്റെ അക്കൗണ്ടല്ലേ?!......


 ‍- ഷാനിജ എം കെ
        VIII