Monday, 24 November 2014


മൃത്യുഭുജം


വെളുത്ത പേപ്പറില്‍ കറുത്ത മഷികൊണ്ട്
കോറി വരഞ്ഞിട്ട ബഹുഭുജത്തിന്‍
കറുത്ത ചുമരുകള്‍ക്കിടക്ക് പോട്ടിന്നീ
കറുത്ത സന്ധ്യയില്‍ ഒറ്റയ്ക്കു ഞാന്‍

ഇരുണ്ടുമൂടിയ അകത്തളങ്ങളില്‍
ചുരുണ്ടുകൂടിയ വെളുത്ത താളുകള്‍
ശുഭ്രമേഘം പോലെ വെളുത്ത താളുകളില്‍
നീലലേപനം കൊണ്ടെഴുതിയ വാക്കുകള്‍

സ്വപ്നങ്ങള്‍,സ്വപ്നങ്ങള്‍,നിറയെ സ്വപ്നങ്ങള്‍
കടുത്ത വേനലില്‍ കരിഞ്ഞ സ്വപ്നങ്ങള്‍
കോണുകളില്‍ ഓരോ കറുത്ത കൈകളില്‍നിന്നും
ചുരുണ്ടുകൂടിയ സ്വപ്നങ്ങളെ അഗ്നി വിഴുങ്ങുന്നു

സ്വപ്നങ്ങള്‍ ദഹിച്ച് കുന്നുകൂടിയ ചാരത്തില്‍
ശ്വാനനെ പോലെ കാലനുറങ്ങുന്നു
കുന്നുകൂടിയ ചാരങ്ങള്‍ തന്‍ നിഴലില്‍
സചേതനമായ ജീവച്ഛവങ്ങള്‍

നഷ്ടസ്വപ്നങ്ങള്‍ തന്‍ നീണ്ട ആഴിയില്‍
ഇഷ്ടജീവിതം മുങ്ങിത്തകരുന്നു
ഭ്രാന്തമായ പുരുഷന്‍റെ കൈകളില്‍
ശാന്തിയില്ലാതൊടുങ്ങുന്ന 'പെണ്‍മ'കള്‍

മൃത്യുകത്തിപ്പിടിച്ചു കൊണ്ടെരിയുന്ന
മൃത്യുഭുജത്തിന്റെ 'കോണ'ളന്നു ഞാന്‍
എത്ര കോണുകള്‍, എത്ര ചുവരുകള്‍
എത്രയോ തരം ചാരക്കൂമ്പാരങ്ങള്‍
ഒടുവിലൊരു കൂമ്പാരം ചാരം പറത്തി കൊണ്ട്
ഉള്ളിലെ തീപ്പൊരി മുന്നില്‍ കാട്ടി
വാടി വിളറിയ സുന്ദരി പെണ്‍കൊടി
വറ്റി വരണ്ടൊരു കണ്ണുമായ്
വന്യത പേടിച്ചുഴന്നു കൊണ്ട്
വന്നു തന്‍ വ്രീള മുഖം പൊത്തി

കറുത്ത കൈകള്‍ വരിഞ്ഞുകെട്ടിയ
കലുഷിത രക്തം പുരണ്ടകാലുകള്‍
പിടിച്ചുകെട്ടുവാന്‍ ചാരമാക്കുവാന്‍
പിന്തുടരുന്ന വന്യജീവികള്‍

കുരുന്നുദേഹമാ കറുത്ത കൈകളില്‍
അമര്‍ന്ന നേരമെന്‍ നെഞ്ചിടിച്ചു
പിന്തുടര്‍ന്നു ഞാന്‍ വന്യജീവിയെ നെഞ്ചടക്കിപ്പിടിച്ചു കൊണ്ട്
പന്തുതട്ടുന്ന ലാഘവത്തിലാ വെളുത്ത താളവന്‍ വലിച്ചെറിഞ്ഞു

ആ കുരുന്നു സ്വപ്നങ്ങളും പോയടിഞ്ഞൊരു കോണില്‍
നിര്‍ദയം ചുട്ടുകരിച്ചു ജീവി, നീലലിപിയുള്ള താളുകളും

ഭുജത്തിനുള്ളിലെ വന്യജീവി തന്‍
അലര്‍ച്ച കേട്ടു പിന്‍വലിഞ്ഞു ഞാന്‍
ഒളിച്ചു നോക്കി ഞാന്‍, കരച്ചിലൊതുക്കി, കണ്ടൂ
ഇരുണ്ടപാളിക്കപ്പുറം ജീവി തന്‍ മുഖം

ഞെട്ടി മാറി ഞാന്‍, ജീവിക്കു കേവലം
ചുവന്ന കണ്ണും, താടി മീശയും
ചുരുണ്ട മുടിയുമുള്ള വികൃത മുഖം മാത്രം

ഓടിത്തളര്‍ന്നു വീണന്നു ഞാന്‍, ജീവിതന്‍
കറുത്ത കൈകളെ കടിച്ചു മാറ്റി
കോണുകള്‍ കടന്നുകൊണ്ടോടുമ്പോള്‍ കണ്ടൊരു
ചുവരുകള്‍ക്കിടയിലെ വിടവിലൂടെ
പുറത്തു ചാടി ഞാന്‍ ക്ഷണമാത്രയില്‍
മൃത്യുഭുജത്തിന്റെ വായില്‍ നിന്നും


അനഘ ദിനേശ്
X B

No comments:

Post a Comment